നാട്ടില്‍ മറ്റൊരു മണ്‍സൂണ്‍ എത്തുകയാണ്.ഇവിടെ ഈ മരുഭൂമിയില്‍ വെയില്‍ തിളച്ചു മറിയുന്നു.സകലയിടവും ചുട്ടു പഴുക്കുന്നു.ഏസിയൊന്നും ഏസിയല്ല എന്നു തോന്നിക്കുന്ന ജൂണ്‍ സമ്മര്‍.വെറുതേ കണ്ണടച്ച് കിടന്നപ്പോള്‍ നാട്ടിലെ മഴ ഓര്‍ത്തു.
ജീവിതത്തിന്റെ ഓരോ കാലങ്ങളില്‍ കണ്ട മഴകള്‍ ഓരോ ഓര്‍മ്മയായി കിടക്കുന്നു.നനഞ്ഞ പുത്തനുടുപ്പുകളുടെ മണമാണ് സ്കൂള്‍കാലത്തെ മഴയ്ക്ക്.യൂണിഫോമില്‍ നിന്നും ഷൂസില്‍ നിന്നും വിടുതലൈ.സ്കൂളിലേക്കുള്ള മൈതാനം ഒരു കടല്‍ പോലെ പരന്നൊഴുകും.അതിലൂടെ മദിച്ച് പായുന്ന പൊടിമീന്‍ കൂട്ടങ്ങള്‍.അവയെ പിടിക്കാനുള്ള വിഫല ശ്രമങ്ങള്‍.വൈകുന്നേരങ്ങളില്‍ നിറഞ്ഞു കിടക്കുന്ന കുളത്തിന്റെ ഒന്നാം പടിയിലിരുന്നുള്ള കുളി.വല്ലാതെ നിറയുമ്പോള്‍ കുളത്തില്‍ നിന്നും മഗ് കൊണ്ട് കോരി കുളിച്ചിരുന്നു ഞാന്‍
ഹൈസ്കൂളില്‍ പഠിക്കുമ്പോഴേക്ക് മഴ എനിക്കൊരു ഉന്മാദമായി മാറികഴിഞ്ഞിരുന്നു.ഉച്ചകഴിഞ്ഞത്തെ രണ്ടാം പീരിയിഡ് പകുതിയാകുമ്പോഴാണ് ഇടവപ്പാതിയുടെ പതിവ് സായാഹ്നസവാരി.വള്ളിപ്പയറു പോലുള്ള ഇന്ദിര റ്റീച്ചറുടെ അറുബോറന്‍ കെമിസ്ട്രി ക്ലാസ്.ഞാന്‍ ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്ന് മഴയുടെ താളപ്പെരുക്കങ്ങള്‍ ആസ്വദിച്ചിരിക്കും.
കോളേജില്‍ ആയപ്പോഴാണ് മഴ തുറന്നു തരുന്ന സൌന്ദര്യദര്‍ശനത്തിന്റെ അപൂര്‍വ്വ സാധ്യതകള്‍ കണ്ടെത്തുന്നത്.കോളേജിന്റെ മെയിന്‍ ബില്‍ഡിംഗില്‍ നിന്നും ഗ്രൌണ്ടു കടന്നു വേണം കോമേഴ്സിലെത്താന്‍.ഒരുമാതിരി കുടയൊക്കെ ഗ്രൌണ്ടിലെ കാറ്റില്‍ പറന്നും മലന്നും ഒക്കെ പോകും.അങ്ങനെ കുതിര്‍ന്നു പോകുന്ന പെണ്‍കിടാങ്ങളെ കാണാന്‍ കോറിഡോറിലും മറ്റും നല്ല തിരക്കായിരുന്നു .
കുറേകൂടി മുതിര്‍ന്നപ്പോള്‍ കന്നി മഴയില്‍ പാടത്ത് നിന്നും തോട്ടില്‍ നിന്നും വരുന്ന മീന്‍ പിടിക്കുന്ന സംഘത്തില്‍ കൂടും.അമ്മൂമ്മ കണ്ടാല്‍ പിന്നെ സ്വസ്ഥതയില്ല.ചാറ്റലും കൊണ്ടു നടക്കുന്നു എന്നൊക്കെയുള്ള പതിവ് കശപിശകള്‍.
മഴക്കാലത്തിന്റെ പല ഫ്രെയിമുകള്‍ മനസ്സില്‍ ഇന്നും കിടക്കുന്നുണ്ട്.വാക്കുകളിലേക്ക് വരാന്‍ വഴങ്ങാത്ത ചിത്രങ്ങള്‍.കൈയ്യില്‍ ഒരു കാമറയുണ്ടായിരുന്നെങ്കില്‍ എന്ന് കരുതി പോയ ചിത്രങ്ങള്‍.
അവയിലൊന്ന് ആലപ്പുഴ ബീച്ചിന്റെയാണ്.കടല്‍ കരയിലേക്ക് ഏറെ കയറിയിരിക്കുന്നു.ബീച്ചില്‍ ആരുമില്ല.6 മണിയാകുന്നതേയുള്ളൂ.കരിമേഘങ്ങളുടെ തടങ്കള്‍ പാളയത്തില്‍ സൂര്യന്‍ മുഖം പുറത്ത് കാണിക്കാന്‍ കഴിയാതെ ഖിന്നന്നായി കടലിലേക്ക് മറഞ്ഞു.ഏറെ ക്ഷോഭിച്ചിട്ടൊന്നടങ്ങിയ കടലില്‍ വെളുത്ത നുര നിറഞ്ഞു നിന്നു.വളരെ ഫില്‍റ്റേര്‍ഡായ പ്രകാശവിന്ന്യാസം.ഏത് പ്രഗല്‍ഭനായ ഛായാഗ്രാഹകനും അനുകരിക്കാനാവത്ത പ്രകൃതിയുടെ നിറച്ചാര്‍ത്ത്.
മറ്റൊന്ന് വറുതിയുടെ മുഖച്ചിത്രം പോലെ മടവീണ പാടങ്ങളാണ്.ദുഖം ഘനീഭവിച്ച് നില്‍ക്കുന്ന അന്തരീക്ഷം.ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍.
ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ മഴചിത്രം ഒരു നിമിഷം മാത്രം കണ്ട ഒരു സീനാണ്.ഒരു നാട്ടുസവാരിക്കിടെ പതിവില്ലാതെ പെയ്ത ഒരു മഴയത്ത് ആളനക്കമില്ലാത്ത ഇടവഴിയുടെ എളുപ്പം തേടി പോയപ്പോള്‍ കണ്ട അര്‍ധനിമിഷ കാഴ്ച്ച.തകര്‍ത്തു പെയ്യുന്ന മഴയത്ത് ഇരു നിറമുള്ള ഒരു പെണ്‍കുട്ടി മാര്‍ക്കച്ചയൊക്കെ കെട്ടി മഴയത്ത് കുളത്തില്‍ കളിച്ച് തിമിര്‍ക്കുന്നു.വെള്ളിക്കൊലുസ്സ് പൊട്ടി ചിതറുമ്പോലെ വെള്ളം ചിതറി തെറിക്കുന്നു.ഇടവഴിയിലൂടെ ഞാന്‍ ഓടിവരുന്ന ശബ്ദം കേട്ടാകണം പെണ്‍കുട്ടി കരയ്ക്ക് കയറണോ വെള്ളത്തില്‍ കിടക്കണോ എന്ന് തീരുമാനികാനാവതെ നിന്ന ആ ഒരു നിമിഷാര്‍ധമേ ഞാനവളെ കണ്ടുള്ളു.ലജ്ജയും കുസൃതിയും ദേഷ്യവുമൊക്കെ ആ നിമിഷാര്‍ധത്തില്‍ അവളുടെ മുഖത്ത് മിന്നി മാഞ്ഞു.
മഴ ജീവിതത്തിന്റെ ഒരു ഭാഗമല്ല,ജീവിതം തന്നെയാണ്.ജലത്തില്‍ ഉയിര്‍കൊണ്ടതു കൊണ്ടാവാം ജലത്തിന്റെ ഈ സമൃദ്ധവൃഷ്ടിയില്‍ പ്രാണന്‍ ഹര്‍ഷപുളകിതമാവുന്നത്.
Wednesday, June 4, 2008
Subscribe to:
Post Comments (Atom)
1 comment:
മഴ മനസ്സിന്റെ ഫ്രേമില്‍ നിറയ്ക്കുന്ന ചിത്രങ്ങള്‍
Post a Comment